CrimeNEWS

ബദിയടുക്കയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊട്ടിയം സ്വദേശിനി; ഒപ്പമുണ്ടായിരുന്ന കാമുകനെ കാണ്മാനില്ല

കാസര്‍ഗോഡ്: ബദിയഡുക്കയില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയെ. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഒപ്പം ഉണ്ടായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോയെ (32) തിങ്കളാഴ്ചമുതല്‍ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹപ്രവര്‍ത്തകനായ അതിഥിതൊഴിലാളിയെയും കാണാതായിട്ടുണ്ട്. ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജിയുടെ റബ്ബര്‍തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും.

ഇവര്‍ താമസിച്ചിരുന്ന നാലുകെട്ടിനു സമാനമായ വീട്ടിനകത്തായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുധനാഴ്ച വൈകീട്ടോടെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോഴാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്.

വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട നീതുവിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് നാലു വര്‍ഷം മുമ്പ് ആന്‍േ്‌റായ്‌ക്കൊപ്പം താമസമാരംഭിച്ചത്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ തമ്മില്‍ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡില്‍ താമസിക്കുന്നവര്‍ പോലീസിനു നല്‍കിയ മൊഴി. ഒന്നരമാസം മുന്‍പാണ് ടാപ്പിങ് ജോലിക്കായി ഇവര്‍ ബദിയഡുക്കയില്‍ എത്തിയത്. രാധാകൃഷ്ണനാണ് നീതുവിന്റെ അച്ഛന്‍. അമ്മ: ജയശ്രീ. മകള്‍: പ്രജി. ദുരൂഹമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: