തമിഴകത്ത് വൻ ട്വിസ്റ്റ്!! 113 പോരാ, 118 എംഎൽഎമാരുടെ കത്ത് വേണം- ഗവർണർ, ഭൂരിപക്ഷമുറപ്പിക്കാനുള്ള തീവ്രശ്രമത്തിൽ വിജയ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഹിറ്റ് സമ്മാനിക്കാനിറങ്ങിയ വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്, നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന ധാരണയിലിരിക്കുമ്പോഴാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വക പുതിയ വെല്ലുവിളി. വാക്കാൽ പോരാ കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണയ്ക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ്യും ടിവികെ പാർട്ടിയും നൽകിയത്. എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകും.
അതേസമയം 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നൽകു എന്നാണ് ഗവർണർ പറയുന്നത്. ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.
എംഎൽഎമാർക്കൊപ്പം എത്തിയാണ് വിജയ്, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎൽഎമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകൾ വേണം. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് വിജയ്യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി.
ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികൾ മുന്നണിയിലില്ലാത്തതിനാൽ ടിവികെയെ പിന്തുണയ്ക്കുന്നു എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകൾ), സിപിഎം (രണ്ട് സീറ്റുകൾ), വിസികെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 118 നു പകരം 119 എംഎൽഎമാരുടെ പിൻതുണയാകും. അതോടെ കേവല ഭൂരിപക്ഷം മറികടക്കാമെന്നാണ് വിജയ് കരുതിയിരിക്കുന്നത്. എന്നാൽ ഈ ആറുപേരുടെ പിൻതുണ ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണം വിജയ്ക്ക് വലിയ കീറാമുട്ടിയാകും.






