മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് മിസൈലില്‍ ആടിയുലഞ്ഞ അദാനി തിരിച്ചു കയറുന്നു; ഒപ്പം വിപണിയും. ഓഹരി വപിണയില്‍നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ ശുഭകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ ഇന്ന് നേട്ടം ഉണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അദാനി ഗ്രൂപ്പും തമ്മിലുള്ള വാക് പോര് തുടരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണത്തിന് അദാനി ഗ്രൂപ്പ് നല്‍കിയ വിശദീകരണത്തിന് ഹിന്‍ഡന്‍ബര്‍ഗ് മറുപടി നല്‍കി.
ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് മറുപടിയായി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബെര്‍ഗ് കുറ്റപ്പെടുത്തുന്നു.
413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. ”അദാനി ഗ്രൂപ്പ് അതിന്റെ വളര്‍ച്ചയും ചെയര്‍മാനായ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആവേശകരമായ ഭാവിയുമായി ഉയര്‍ന്നുവരുന്ന സൂപ്പര്‍ പവര്‍. എന്നാല്‍, അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാകയില്‍ മറഞ്ഞിരുന്നു അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.” – ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി ഇങ്ങനെ.
അതിനിടെ, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്ന സമയം സംശയം ജനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു. ഫോളോ ഓണ്‍ പബ്ലിക് ഓഫറിനിടെയാണ് റിപ്പോര്‍ട്ട് വന്നത്. ഇത് 20,000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.