ഇത്ര ബിൽഡപ്പ് വേണോ ഒരു മസാല ചായക്ക് ? ചായ പ്രേമികളെ ചൊടിപ്പിച്ച വീഡിയോ
ചായ എന്നത് പലരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. രാവിലെ ഒരു ഗ്ലാസ് ചൂടു ചായ കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ ചായയിലും പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ മികച്ച അഭിപ്രായം നേടിയെടുത്ത ഒന്നാണ് മസാല ചായ. ചായപ്പൊടിക്കൊപ്പം ഏലക്കയും ഇഞ്ചിയും ഗ്രാമ്പൂവും കറുവാപ്പട്ടയുമൊക്കെ ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നതും ഇത്തരമൊരു മസാല ചായ തയ്യാറാക്കുന്ന രീതിയാണ്. സാധാരണയായി പാല് തിളച്ച് കഴിയുമ്പോള്‍ ഈ ചേരുവകളെല്ലാം നേരിട്ട് പാലിലേയ്ക്ക് ചേര്‍ത്താണല്ലോ മസാല ചായ തയ്യാറാക്കുന്നത്. എന്നാല്‍ ‘സ്പൂണ്‍സ്ഓഫ്ദില്ലി’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച മസാല ചായ തയ്യാറാക്കുന്ന വീഡിയോ ആണ് ചായ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്.
View this post on Instagram
ഒരു കപ്പില്‍ വെള്ളമെടുത്ത് അതിന് മുകളില്‍ കട്ടി കുറഞ്ഞ തുണി കപ്പിന്റെ വായ്ഭാഗത്ത് വരുന്ന വിധത്തില്‍ കെട്ടി വെച്ചാണ് ചായ തയ്യാറാക്കുന്നത്. ഈ തുണിയുടെ മുകളിലൂടെ ആണ് ചായപ്പൊടി, പഞ്ചസാര, ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ക്കുന്നത്. ശേഷം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിനുള്ളില്‍ ഈ ഗ്ലാസ് ഇറക്കിവയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടരന്ന് പാത്രം മൂടിവച്ച് വെള്ളം തിളപ്പിക്കുന്നു. തിളച്ച ശേഷം പാത്രത്തിന്റെ മൂടി മാറ്റി നോക്കുമ്പോള്‍ ഗ്ലാസിനുള്ളില്‍ വെച്ച സാധനങ്ങള്‍ ആവി തട്ടി ഗ്ലാസിലേക്ക് സത്ത് ഇറങ്ങിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. ഇത് തിളപ്പിച്ചുവെച്ച പാലില്‍ ചേര്‍ത്താണ് ചായ തയ്യാറാക്കുന്നത്.
ഏകദേശം ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ചായയെ ഇത്ര കുഴപ്പംപിടിച്ച രീതിയില്‍ അവതരിപ്പിക്കണോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. ഒരു മസാല ചായ തയ്യാറാക്കാന്‍ ഇത്ര നാടകം കളിക്കണോ എന്നാണ് ഒരാളുടെ കമന്റ്.