ന്യൂഡൽഹി: ഹരിയാനയിൽ തൊഴിലാളിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ. കൂലി ചോദിച്ചതിന് കോൺട്രാക്ടറാണ് തന്റെ അച്ഛനെ അടിച്ചുകൊന്നതെന്ന് ആരോപിച്ച് മരിച്ചയാളുടെ മകൻ രംഗത്തെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ബിഹാർ സ്വദേശിയായ രാംവിലാസ് ആണു മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് പിന്നിലെന്ന് മകൻ ആരോപിച്ചു.
52കാരനായ തൊഴിലാളിയുടെ മൃതദേഹം ഗോൾഫ് കോഴ്‌സ് റോഡിൽ റാപിഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാംവിലാസിന്റെ മൃതദേഹം. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. കൂലിയെ ചൊല്ലി അച്ഛനുമായി കോൺട്രാക്ടർ വഴക്കുകൂടിയതായും കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്നും മകൻ ആരോപിച്ചു. മകന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.