IndiaNEWS

ഇന്നലെ കേരളം, ഇന്ന് ഹരിയാന, പാർട്ടി സംസ്ഥാന ഘടകങ്ങൾ പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി; തെരഞ്ഞെടുപ്പിന് ഒരുങ്ങാനെന്നു വിശദീകരണം

ന്യൂഡൽഹി: കേരളാ ഘടകത്തെ പിരിച്ചുവിട്ടതിനു പിന്നാലെ ഹരിയാന സംസ്ഥാന ഘടകത്തെയും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി. എഎപി ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാർത്താക്കുറിപ്പിലൂടെയാണ് ഹരിയാനയിലെ മുഴുവൻ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത്. തെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ഔദ്യോഗിക വിശദീകരണം. ബൂത്ത് തലം മുതൽ കേഡർ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാന സംസ്ഥാന ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കൾ പഴയപടി തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പാർട്ടിയുടെ കേരള ഘടകത്തെയും ആം ആദ്മി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടത്. 2014ൽ ഹരിയാനയിൽ ആം ആദ്‌മി പാർട്ടി സംസ്ഥാന ഘടകം സ്ഥാപിച്ചെങ്കിലും നാളിതുവരെ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ പാർട്ടിയ്‌ക്കായില്ല. രാജ്യസഭാംഗമായ ഡോ. സുശീൽ ഗുപ്‌തയ്‌ക്കാണ് ഇതുവരെ പാർട്ടിയുടെ ചുമതലയുണ്ടായിരുന്നത്. ആരംഭകാലത്ത് യോഗേന്ദർ യാദവ്, നവീൻ ജയ്‌ഹിന്ദ് എന്നിവർക്കായിരുന്നു ഹരിയാനയിൽ പാർട്ടി ചുമതല. 2014 തിരഞ്ഞെടുപ്പിലെ തോൽവിയ്‌ക്ക് പിന്നാലെ യോഗേന്ദർ യാദവ് പാർട്ടി വിട്ടു. 2019ഓടെ നവീനും പാർട്ടിയിൽ നിന്ന് പുറത്തുവന്നു. എന്നാൽ പഞ്ചാബിലെ പാർട്ടിയുടെ വൻ വിജയം മറ്റ് പാർട്ടികളിലേതടക്കം നിരവധി നേതാക്കളെ ആം ആദ്‌മി പാർട്ടിയിലേക്ക് ആകർഷിച്ചു. കേരളത്തിൽ ട്വന്റി20യുമായി ചേർന്ന് കിഴക്കമ്പലത്ത് തങ്ങളുടെ സ്വാധീനമറിയിക്കാൻ ആം ആദ്‌മി പാർട്ടി ശ്രമിച്ചിരുന്നു.
നേരത്തെ, എഎപി കേരള ഘടകവും പിരിച്ചുവിട്ടിരുന്നു. പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാർട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

Back to top button
error: