LIFEMovie

കിങ് ഖാൻ പണിതുടങ്ങി മക്കളെ! ബോക്സ് ഓഫീസില്‍ കുതിപ്പ്; പഠാന്‍ 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍നിന്ന് നേടിയത്… കണക്കുകൾ

കൊവിഡ് കാലത്ത് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാ വ്യവസായമെന്ന വിശേഷണം ബോളിവുഡിന് നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്ക് പാന്‍ ഇന്ത്യന്‍ വിജയങ്ങളുമായി തെന്നിന്ത്യന്‍ സിനിമ- വിശേഷിച്ചും തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളാണ് മുന്നേറിയത്. പരമ്പരാഗത ഹിന്ദി സിനിമാപ്രേമികള്‍ തന്നെ ബോളിവുഡ് സിനിമകളേക്കാളും താല്‍പര്യം തെന്നിന്ത്യന്‍ സിനിമകളോട് കാണിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങി കാര്യങ്ങള്‍. അപ്പോഴും ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുതുതായി എത്തുമ്പോഴും ബോളിവുഡ് വ്യവസായം പ്രതീക്ഷ വെക്കാറുണ്ട്.

ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു പുതിയ ചിത്രം എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ആണ് അത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്, ദീപിക പദുകോണ്‍ നായികയായ ചിത്രത്തിന് റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ട് ആണ് ലഭിച്ചത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന ആദ്യ പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുമെന്ന് ഉറപ്പായി.

ഇപ്പോഴിതാ രാജ്യത്തെ മൂന്ന് പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ഇതുവരെയുള്ള നേട്ടം എത്രയെന്ന കണക്ക് അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. പിവിആര്‍, ഐനോക്സ്. സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 20.35 കോടി ആണെന്ന് തരണ്‍ അറിയിക്കുന്നു. പിവിആര്‍- 9.40 കോടി, ഐനോക്സ്- 7.05 കോടി, സിനിപൊളിസ്- 3.90 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്ന് വൈകിട്ട് 3 വരെ ട്രാക്ക് ചെയ്യപ്പെട്ട കണക്കാണ് ഇത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Back to top button
error: