LIFEMovie

ബോളിവുഡിനെ ഒരുതരത്തിലും രക്ഷപെടാൻ സമ്മതിക്കില്ല അല്ലേ! ‘പഠാന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നെന്ന് റിപ്പോർട്ടുകൾ

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ റിലീസിനു മുന്‍പേ വന്‍ ഹൈപ്പ് നേടിയ ചിത്രം പഠാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ പൈറസിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന സിനിമാപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കു ശേഷവും റിലീസിനു പിന്നാലെ വ്യാജപതിപ്പ് എത്തുന്നത് തുടരുകയാണ്.

അതേസമയം ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡ് വ്യവസായത്തിന് വലിയ പ്രതീക്ഷ പകര്‍ന്ന് എത്തിയിട്ടുള്ള ചിത്രം വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്ക്രീനുകളിലായി ലോകമാകെ 7770 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു പിന്നാലെ ഏറെയും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഒക്കെയും മികച്ച റിവ്യൂസ് ആണ് സമൂഹ മാധ്യമങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. തിയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന, ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയതിനാല്‍ പൈറസി കളക്ഷനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Back to top button
error: