തിരുവനന്തപുരം: തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരില്‍നിന്നും പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നല്‍കി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ തട്ടിപ്പ്. ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന എ.ആര്‍. ഫൈനാന്‍സിനെതിരേ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്.
2003 ല്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ്. സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്‌ട്രേഷന്‍. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നല്‍കി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയല്‍വാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവന്‍ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാല്‍ വര്‍ഷമായി പലിശയുമില്ല മുതലുമില്ല.
തിരുവല്ലം പോലീസിനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നല്‍കിയിട്ടും ഫൈനാന്‍സ് ഉടമകളെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടുത്തിയെന്നും നിക്ഷേപകര്‍ പറയുന്നു. ഒടുവില്‍ മാര്‍ച്ച് 31നകം മുഴുവന്‍ തുകയും പലിശയും തിരിച്ചുനല്‍കാമെന്ന് 100 രൂപാ മുദ്രപത്രത്തില്‍ ഉറപ്പ് എഴുതി വാങ്ങിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇതില്‍ വിശ്വാസമില്ല. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പരാതികളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ഒന്നുചെയ്യാനാകില്ലെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് തിരുവല്ലം പോലീസ്.