CrimeNEWS

15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് നൂറുവര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട: പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറുവര്‍ഷം കഠിനതടവും പിഴയും. പ്രമാടം കൈതക്കര പാപ്പിമുരുപ്പേല്‍ കോളനിയില്‍ പാലനില്‍ക്കുന്നതില്‍ ബിനുവിനെ (37)ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. രണ്ടരലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ നാലുവര്‍ഷംകൂടി തടവുണ്ട്.

ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയതിനും പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനുമുള്ള ശിക്ഷകള്‍ പ്രത്യേകം അനുഭവിക്കണം. മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. എല്ലാംകൂടി എണ്‍പതുവര്‍ഷം തടവില്‍ കഴിയണം. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. 2020-ലെ മധ്യവേനല്‍ അവധിക്കാണ് സംഭവം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പലവട്ടം ബലാത്സംഗംചെയ്തു. പിന്നീട് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട വനിതാ പോലീസ് കേസ് എടുക്കുകയായിരുന്നു.

വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആര്‍.ലീലാമ്മയാണ് കുറ്റപത്രം നല്‍കിയത്. വിചാരണയുടെ അന്തിമഘട്ടത്തില്‍ ചോദിച്ചപ്പോള്‍, പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാന്‍ തയ്യാറാണെന്ന് പ്രതി അറിയിച്ചു. വിവാഹിതനും ഇരയുടെ പ്രായമുള്ള മകളുമുള്ള പ്രതിയുടെ നിലപാട് ക്രൂരമായ മാനസികസ്ഥിതിയുടെ പ്രതിഫലനമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

 

Back to top button
error: