KeralaNEWS

കാരാപ്പുഴ ഡാം റിസർവോയറിൽ ആദിവാസി ദമ്പതികൾ സഞ്ചരിച്ച കുട്ടത്തോണി മറിഞ്ഞു; ഭർത്താവ് രക്ഷപ്പെട്ടു, യുവതിയ്ക്കായി തെരച്ചിൽ

കൽപ്പറ്റ: കാരാപ്പുഴ ഡാം റിസർവോയറിൽ ആദിവാസി ദമ്പതികൾ സഞ്ചരിച്ച കുട്ടത്തോണി മറിഞ്ഞു; ഭർത്താവ് രക്ഷപ്പെട്ടു, യുവതിയ്ക്കായി തെരച്ചിൽ. റിസർവോയറിലൂട കുട്ടത്തോണിയിൽ വിറകെടുക്കാൻ പോയ ആദിവാസി ദമ്പതികളാണ് ഇന്നലെ ​വൈകിട്ട് അപകടത്തിൽപ്പെട്ടത്. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. അപകടമുണ്ടായ ഉടനെ ഭർത്താവ് ബാലൻ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
റിസർവോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം. ഭർത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോയതായിരുന്നു മീനാക്ഷി. തോണി മറിഞ്ഞതോടെ മീനാക്ഷി മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും റിസർവോയറിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. ഇരുൾ പരന്നതോടെ വൈകുന്നേരം ആറു മണിയോടെ തെരച്ചിൽ താൽക്കാലികമായി നിർത്തി. ഇന്നും മീനാക്ഷിക്കായി തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കൽപ്പറ്റ ഫയർ സ്റ്റേഷനിലെ അസി. സ്‌റ്റേഷൻ ഓഫീസർ വർഗീസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മോഹനൻ, ഹെൻട്രി ജോർജ്, ടി. രഘു, അഖിൽ രാജ്, മുകേഷ്, ബേസിൽ ജോസ്, അരവിന്ദ്, വിജയ് ശങ്കർ, ബാലൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരും തെരച്ചിൽ സംഘത്തിലുണ്ട്.

Back to top button
error: