Social MediaTechTRENDING

പണം വാങ്ങിയിട്ടാണ് പ്രൊമോഷനെങ്കിൽ കൃത്യമായി പറയണം; താരങ്ങളുടെ സോഷ്യൽ മീഡിയ പ്രമോഷന് മാർഗരേഖയുമായി കേന്ദ്രസർക്കാർ; ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

ന്യൂഡൽഹി: സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പ്രൊമോഷനു മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മാർഗനിർദേശം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയീടാക്കാന്നും വ്യവസ്ഥ ചെയ്യുന്നു. ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്നാണ് സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കുമുള്ള കേന്ദ്ര സർക്കാരിന്റെ മാർ​ഗരേഖയിൽ പറയുന്നത്. ബ്രാൻഡ് പ്രമോഷന്റെ പേരിൽ പല വ്യാജ വാ​ഗ്‌ദാനങ്ങളും താരങ്ങൾ മീഡിയ വഴി സമൂഹത്തിലേക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തോന്നാത്ത തരത്തിലാണ് പല ഉള്ളടക്കങ്ങളും ചെയ്യുന്നത്. ഇതിൽ പറയുന്ന വാദങ്ങളിൽ സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് നടപടിയെന്നും മാർ​ഗരേഖയിൽ പറയുന്നു. ബ്രാൻഡ് പ്രമോഷൻ നടത്തുന്നതിന് മുൻപ് പരസ്യത്തിൽ പറയുന്ന ഉൽപന്നമോ സേവനമോ ഉപയോ​ഗിച്ചു നോക്കണം. പരസ്യത്തിൽ പറയുന്ന വാദങ്ങൾ സാധൂകരിക്കാൻ ആ ഉൽപ്പന്നത്തിന് സാധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേയ്ഡ് പ്രമോഷനാണോയെന്ന കാര്യം വ്യക്തമായി എഴുതിയോ ഓഡിയോ രൂപത്തിലോ ചിത്രമായോ കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയിലായിരിക്കണം അറിയിപ്പും വരേണ്ടത്. ഹാഷ്‌ടാ​ഗുകളിലോ ലിങ്കുകളിലോ കൂടികലർത്തുന്ന രീതിയിലാകരുതെന്നും മാർ​ഗരേഖയിൽ പറയുന്നു.
മാർ​ഗരേഖ ലംഘിച്ചാൽ വൻ തുക പിഴ അടയ്ക്കേണ്ടി വരും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് പത്ത് ലക്ഷം രൂപ ചുമത്താൻ വ്യവസ്ഥയുണ്ട്. ലംഘനം ആവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടതായി വരും. കൂടാതെ ബ്രാൻഡ് പ്രമോഷൻ നടത്തുന്ന വ്യക്തിയെ മൂന്ന് വർഷം വരെ വിലക്കാനും മാർ​ഗരേഖയിൽ പറയുന്നു. സെലിബ്രിറ്റികൾ സോഷ്യൽമീഡിയ താരങ്ങൾക്ക് പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ലുവൻസേഴ്സിനും മാർ​ഗരേഖ ബാധകമാണ്.

Back to top button
error: