ന്യൂഡൽഹി: റെസ്‌ലിംഗ് താരങ്ങൾക്ക് ലൈംഗിക പീഡനമെന്ന ആരോപണം പുറത്തുവന്നതോടെ കായിക ലോകത്തിനു മുന്നിൽ തലകുനിച്ച് ഇന്ത്യ. ബി ജെ പി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷന്‍റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വനിതാ കായിക താരങ്ങൾ ചൂഷണം നേരിട്ടു എന്ന് പറഞ്ഞ വിനേഷ് ഫോഗത്, പരിശീലന ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നും വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും അവർ വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്.
അതിനിടെ റസ്ലിംഗ് താരങ്ങൾ ദില്ലിയിലെ ജന്തർ മന്തിറിലെ പ്രതിഷേധം കായികതാരങ്ങൾ ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഇന്ന് ശക്തമായ പ്രതിഷേധവുമായി എത്തുമെന്നും വ്യക്തമാക്കിയാണ് കായിക താരങ്ങൾ മടങ്ങിയത്. ജന്തർ മന്തിലിൽ രാത്രികാല സമരങ്ങൾക്ക് വിലക്കുണ്ട്. ഇത് മാനിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും വ്യാഴാഴ്ച രാവിലെ മുതൽ പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചിരുന്നു . നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള പ്രതിഷേധം നടത്തില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. റസ്ലിംങ്ങ് ഫെഡറേഷനെതിരായ ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതരാരോപണങ്ങളിൽ താരങ്ങൾ ഉറച്ചുനിൽക്കുകയാണ്.