CrimeNEWS

കൊല്ലത്ത് പുലര്‍ച്ചെ മൂന്നിന് എന്‍.ഐ.എ റെയ്ഡ്; പി.എഫ്.ഐ പ്രവര്‍ത്തകന്റെ ഡയറി അടക്കമുള്ളവ പിടിച്ചെടുത്തു

കൊല്ലം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ ചാത്തനാംകുളത്തെ പ്രവര്‍ത്തകനായിരുന്ന നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. കൊല്ലത്ത് ഇന്നലെയും എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു.

പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍. പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, എന്‍.ഐ.എക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന.

അതേസമയം, ഇന്നലെ ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ സാദിഖിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്ക് എത്തിയത്. രാവിലെ ആറരവരെ പരിശോധ നീണ്ടു.

പോപ്പുലര്‍ഫ്രണ്ടിന്റെ ചില പരിപാടികളുമായി ബന്ധപ്പെട്ടതും വിവിധ യാത്രകള്‍ നടത്തിയതിന്റേതുമായ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. തുടര്‍ന്നാണ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

Back to top button
error: