റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ഷർഷെ ദഫെയുമായ എൻ. രാംപ്രസാദ് സ്വീകരിച്ചു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലക്ക് വേണ്ടി പ്രോട്ടോക്കോൾ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ മജീദ് അൽസ്മാരിക്ക് തിങ്കളാഴ്ച രാവിലെ ക്രഡൻഷ്യൽ റിപ്പോർട്ട് കൈമാറി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അംബാസഡറായി ചുമതലയേറ്റു.
ഈ മാസം 26ന് എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുകയും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികാഘോഷത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, 1950ൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ വാർഷികദിനത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്. അനുബന്ധമായി 28ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സൗദി ഉന്നത വ്യക്തിത്വങ്ങൾക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും.
കഴിഞ്ഞ വർഷം മാർച്ചിൽ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് പോയ ശേഷം ഡി.സി.എം എൻ. രാംപ്രസാദാണ് ഷർഷെ ദഫെയായി അംബാസഡറുടെ ചുമതല വഹിച്ചിരുന്നത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഡോ. സുഹൈൽ അജാസ് ഖാൻ 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. ലബനോണിലെ അംബാസഡർ പദവിയിൽ കാലാവധി പൂർത്തിയാക്കി റിയാദിലേക്കുള്ള വരവ്. അദ്ദേഹത്തിന് ഇത് സൗദിയിലെ മൂന്നാം ഊഴമാണ്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡി.സി.എമ്മായും പ്രവർത്തിച്ചിരുന്നു. 2017 സെപ്തംബർ മുതൽ റിയാദിൽ ഡി.സി.എം ആയിരിക്കെ 2019 ജൂൺ 19നാണ് ലബനോൺ അംബാസഡറായി നിയോഗിക്കപ്പെട്ടത്. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയശേഷം 1997ലാണ് ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്നത്. റിഫാ ജബീനാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.