KeralaNEWS

ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവം: പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കോടതി ഉത്തരവ് നൽകിയത്. വാഹനത്തിലെ പാൽ ക്ഷീരവികസന വകുപ്പ് നശിപ്പിക്കണം. പഞ്ചായത്തുമായി ചേർന്ന് പാൽ നശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പാൽ നശിപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ ക്ഷീരവികസന വകുപ്പിന് നിർദേശം നൽകി. നഷ്ടപരിഹാരം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം പുതിയ ഹർജിയായി നൽകാനും കോടതി നിർദേശിച്ചു.

ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായിരുന്നില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.

Back to top button
error: