IndiaNEWS

കശ്മീരില്‍ കാല്‍നട യാത്ര റിസ്‌ക്, കാറാകും ഉചിതം; ഭാരത് ജോഡോയ്ക്ക് സുരക്ഷാ മുന്നിറയിപ്പ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. നിലവില്‍ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാത്വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27 ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30 ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.

Signature-ad

രാഹുലിനൊപ്പം യാത്രയില്‍ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളില്‍ നടക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിക്കുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാന്‍ഡോകള്‍ ഉണ്ടാവാറുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രാഹുലിന്റെ ഭാഗത്ത് നിന്നാണ് സുരക്ഷാ വീഴ്ചകളുണ്ടായതെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷക്രമീകരണങ്ങള്‍ മറികടന്നുവെന്നും കേന്ദ്രത്തിന്റെ മറുപടിയില്‍ ഉണ്ടായിരുന്നു.

 

Back to top button
error: