ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശശി തരൂർ തുടങ്ങി വച്ച വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് നേതൃത്വം . വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി നിർദേശിച്ചു. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും ചർച്ചകൾ നടത്തി മുൻപോട്ട് പോകണമെന്നും എഐസിസി നിർദ്ദേശിച്ചു.
അതേസമയം, സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്. തരൂരിന്‍റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്.
ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്‍റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല.