SportsTRENDING

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി ഗില്ലിന് സ്വന്തം; പ്രകീർത്തിച്ച് യുവരാജ് സിംഗ്

തിരുവനന്തപുരം: ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 97 പന്തുകള്‍ നേരിട്ട താരം 116 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായിരുന്നു. അന്ന് 130 റണ്‍സാണ് ഗില്‍ നേടിയിരുന്നത്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി കൂടിയാണ് ഗില്‍ നേടിയത്. ഇതിന് മുമ്പുണ്ടായിരുന്നു ഉയര്‍ന്ന സ്‌കോര്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സായിരുന്നു. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു മത്സരം. വിരാട് കോലിക്ക് ഇരുവരേയും മറികടന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

അതേസമയം, സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് യുവരാജ് രംഗത്തെത്തി. സെഞ്ചുറി നേടുന്നതിന് മുമ്പെ യുവരാജ്, ഗില്ലിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. നന്നായി കളിക്കുന്നുവെന്നും സെഞ്ചുറി പൂര്‍ത്തിയാക്കുവെന്നും യുവരാജ് കുറിച്ചിട്ടു. കോലിയും നന്നായി കളിക്കുന്നുവെന്നും യുവരാജ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മത്സരം കാണാന്‍ ആളില്ലാത്തതിലെ ആശങ്കയും യുവരാജ് പങ്കുവച്ചു. ഏകദിന ക്രിക്കറ്റ് മരിക്കുകയാണോയെന്നും യുവരാജ് ട്വീറ്റില്‍ ചോദിക്കുന്നു.

മികച്ച നിലയിലാണ് ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 42.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിന് പുറമെ രോഹിത് ശര്‍മയാണ് (42) പുറത്തായ മറ്റൊരു താരം. വിരാട് കോലിക്കൊപ്പം (99) ശ്രേയസ് അയ്യരാണ് (34) ക്രീസില്‍. ചാമിക കരുണാരത്‌നെ, കശുന്‍ രജിത എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര തൂത്തുവാരാം.

Back to top button
error: