Breaking NewsWorld

നേപ്പാളിൽ 5 ഇന്ത്യക്കാരുൾപ്പെടെ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍  

കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരികയായിരുന്നു വിമാനം.  68 യാത്രക്കാരും ക്യാപ്റ്റന്‍ അടക്കം നാലു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊഖാറ വിമാനത്താവളത്തിന്റെ റൺവെയിൽ വെച്ചായിരുന്നു അപകടമുണ്ടായത്.

കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.  കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്.

Signature-ad

റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.   വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.

Back to top button
error: