Food

എന്തൊക്കെയാണ് വിരുദ്ധാഹാരങ്ങള്‍…? അവ കഴിച്ചാലുള്ള ദോഷങ്ങൾ എന്തൊക്കെ…? നിർബന്ധമായും അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

   എത്രത്തോളം കഴിക്കാമോ അത്രയും വാരിവലിച്ച് വലിച്ച് കഴിക്കുക. എന്നതാണു ഭൂരിപക്ഷം മലയാളികളുടെയും രീതി. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമുള്ള താൽപര്യം പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിയൊരുക്കി. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ആരോഗ്യം ദോഷമില്ലാതെ നിലനിർത്താം.

ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകും. അങ്ങനെയുള്ള കോമ്പിനേഷന്‍സിനെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകൾക്കും കാരണം ഒരു പരിധി വരെ ഇവയാണ്.

എന്താണ് വിരുദ്ധാഹാരം ?

ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു.

ആഹാരങ്ങള്‍ പൊതുവെ വിഷാംശം ഉള്ളവയല്ല. എന്നാല്‍ ചിലവയുടെ ഒരുമിച്ചുള്ള ഉപയോഗത്തില്‍ ഇവ വിഷസ്വഭാവം കാട്ടുന്നു. ഉദാഹരണമായി തേനും നെയ്യും ഒരേ അളവില്‍ ഉപയോഗിക്കുന്നതു മാരകമാണ്. എന്നാല്‍ രണ്ട് അളവുകളില്‍ ഒന്നിച്ചുപയോഗിച്ചാല്‍ കുഴപ്പമില്ല.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പലതരം വിരുദ്ധങ്ങള്‍ പരാമര്‍ശിക്കുന്നു. അവ കഴിക്കുന്ന സ്ഥലം, കാലം, കഴിക്കുന്ന ആളിന്റെ ദഹനശക്തി, ആഹാരത്തിന്റെ അളവ്, ആഹാരത്തിലെ വൈവിധ്യം, ത്രിദോഷങ്ങള്‍, പാകം ചെയ്യുന്ന രീതി, പദാര്‍ഥങ്ങളുടെ വീര്യം, അവസ്ഥ, ആഹാരക്രമം, രുചി, കോമ്പിനേഷനുകള്‍, ആഹാരത്തിന്റെ ഗുണങ്ങള്‍, ആഹാരം കഴിക്കുന്നതിന്റെ ശീലം, കഴിക്കുന്നതിന്റെ സാമാന്യനിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ്.

വിരുദ്ധാഹാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍

വന്ധ്യത, അന്ധത, ത്വക്രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന് എരിച്ചിൽ, തുമ്മല്‍, വിട്ടുമാറാത്ത ജലദോഷം, ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍, അകാരണമായുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ ഇവ പലപ്പോഴും വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകാം.

ദൈനംദിന ജീവിതത്തില്‍ കൃത്യമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ പല ബുദ്ധിമുട്ടുകളും നമ്മള്‍ക്ക് ഒഴിവാക്കാം. . തണുത്ത കാലാവസ്ഥയില്‍ തണുത്ത ആഹാരങ്ങള്‍ ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ചൂടുള്ളതും തീക്ഷ്ണവുമായ ആഹാരങ്ങള്‍ വേണ്ട. ദഹനശക്തി കുറഞ്ഞിരിക്കുമ്പോള്‍ ധാരാളം ആഹാരം കഴിക്കരുത്. വിശന്നിരിക്കുമ്പോള്‍ ആവശ്യത്തിന് ആഹാരം കഴിക്കുക. വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുക. ഭക്ഷണശീലങ്ങളില്‍ പെട്ടെന്നു മാറ്റം വരുത്തരുത്. പടിപടിയായി മാത്രമേ മാറ്റം വരുത്താവൂ. തണുപ്പുള്ളതും ചൂടുള്ളതുമായ സാധനങ്ങള്‍ ഒന്നിച്ച് ഉപയോഗിക്കരുത്. പാകം ചെയ്തതും അല്ലാത്തതുമായവ ഒന്നിച്ച് ഉപയോഗിക്കാതിരിക്കുക. കേടായ വസ്തുക്കള്‍ കൊണ്ട് ആഹാരമുണ്ടാക്കരുത്. അമിതമായി വെന്തുപോയതോ, നന്നായി വേവാത്തതോ, കരിഞ്ഞുപോയതോ ആയ ആഹാരം കഴിക്കാതിരിക്കുക. പകലുറക്കത്തിനുശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. രാത്രിയില്‍ തൈര് തുടങ്ങിയ തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക. മനസിന് ഇഷ്ടമില്ലാത്തവ കഴിക്കാതിരിക്കുക. വിയര്‍പ്പോടുകൂടി തണുത്തവെള്ളം കുടിക്കാതിരിക്കുക.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

ഇലക്കറികള്‍ (സാലഡ് ഉള്‍പ്പെടെ) കഴിച്ചതിനുശേഷം പാല്‍ ചേര്‍ന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. പാലിനോടൊപ്പം പുളിയുള്ളവ, പുളിയുള്ള പഴവര്‍ഗങ്ങള്‍ ഇവ ഒഴിവാക്കുക. പാല്‍ ചേര്‍ന്നവയില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുക. . പാലും മീനും, ചിക്കനും തൈരും ഒരുമിച്ച് കഴിക്കരുത്. തേന്‍ കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കരുത്. തേന്‍, തൈര് എന്നിവ ചൂടാക്കാന്‍ പാടില്ല. നെയ്യ് സൂക്ഷിക്കാന്‍ ഓട്ടുപാത്രങ്ങള്‍ ഉപയോഗിക്കരുത്. തേനും നെയ്യും വെള്ളവും ഒരേ അളവില്‍ ഒന്നിച്ചുപയോഗിക്കരുത്

നന്നായി വ്യായാമം ചെയ്യുന്ന, നല്ല ദഹനശക്തിയുള്ള, ആരോഗ്യമുള്ള ചെറുപ്പക്കാരായ ആളുകൾക്കും മിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കും വിരുദ്ധ ഭക്ഷണം മൂലം രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: