IndiaNEWS

സുഹൃത്തുക്കള്‍ക്ക് കൂട്ടുകാരികളോട് ‘സൊള്ളാന്‍’ കൂടുതല്‍ സമയം; സ്‌പൈസ് ജെറ്റ് ബോംബ് ഭീഷണിയില്‍ അറസ്റ്റ്

ന്യൂഡല്‍ഹി: സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്സ് ട്രെയിനി ജീവനക്കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോബുണ്ടെന്ന് ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര നിര്‍ത്തിവെച്ച് തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തത്തി.തുടര്‍ന്ന് ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും അഭിനവ് പ്രകാശ് എന്ന 24-കാരന്‍ പിടിയിലാവുകയും ചെയ്തു.

ബ്രിട്ടീഷ് എയര്‍വെയ്സ് ടിക്കറ്റ് കൗണ്ടറിലെ ട്രെയിനിയാണ് ഇയാള്‍. തന്റെ സുഹൃത്തുക്കള്‍ക്ക്, സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുനെയിലേക്ക് യാത്ര ചെയ്യാനിരുന്ന അവരുടെ പെണ്‍സുഹൃത്തുക്കളുമായി കുറച്ചുകൂടി സമയം ചെലവഴിക്കാന്‍ വേണ്ടി വിമാനം വൈകിപ്പിക്കാനാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

തന്റെ ബാല്യകാല സുഹൃത്തുക്കളായ രാകേഷും കുനാല്‍ സെഹ്റാവത്തും മണാലിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു യുവതികളെ പരിചയപ്പെട്ടിരുന്നു. ഇവര്‍ സ്പൈസ്ജെറ്റ് വിമാനത്തില്‍ പൂനെയിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. ഈ യുവതികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സഹായിക്കണമെന്നും വിമാനം എങ്ങനെയെങ്കിലും വൈകിപ്പിക്കണമെന്നും സുഹൃത്തുക്കള്‍ അഭിനവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 6.30-ന് ഡല്‍ഹിയില്‍ നിന്ന് പുനെയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനമാണ് വ്യാജബോംബ് ഭീഷണിയെത്തുടര്‍ന്ന് വൈകിയത്. ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പാണ്, വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഫോണ്‍ കോള്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ലഭിക്കുന്നത്.

 

Back to top button
error: