ഷിംല: പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ച് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. അധികാരത്തിലേറിയതിനു പിന്നാലെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അറിയിച്ചു.
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതില്‍ ധനകാര്യ വകുപ്പ് ചില ആശങ്കകള്‍ ഉന്നയിച്ചെങ്കിലും എല്ലാത്തിനും പരിഹാരം കണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള എല്ലാവര്‍ക്കും പഴയതിലേക്കു മാറാനാകുമെന്നും അദ്ദേഹം അറിയിച്ചു.
ഹിമാചലിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സുഖു പറഞ്ഞിരുന്നത്. പെന്‍ഷന്‍ തുകയുടെ മുഴുവന്‍ പങ്കും സര്‍ക്കാര്‍ വഹിക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതി 2004 ഏപ്രില്‍ ഒന്നിനാണ് നിര്‍ത്തലാക്കിയത്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരും പങ്കിടുകയായിരുന്നു.
പഴയ പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷം നടപ്പാക്കുന്നതിനായി 800 മുതല്‍ 900 കോടി രൂപയാണ് സര്‍ക്കാരിനു വേണ്ടത്. മൂല്യവര്‍ധിത നികുതി അല്ലെങ്കില്‍ ഡീസല്‍ വാറ്റ് എന്നിവയില്‍ 3 രൂപ വര്‍ധനയിലൂടെ ഇത് നടപ്പാക്കാനാകുമെന്നും സുഖു അറിയിച്ചു.