കൊച്ചി: സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ‘നീ സമം ഞാന്‍, ഞാന്‍ സമം നീ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവീണ്‍ മത്സരിച്ചെങ്കിലും ചുരുക്കം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തോല്‍വിക്ക് പിന്നാലെയാണ് പ്രവീണ്‍ സിനിമാ മേഖലയിലേക്ക് തിരിഞ്ഞത്. 2020ല്‍ അനന്‍ എന്ന സിനിമയും 2022ല്‍ നായകനായി ചോരന്‍ എന്ന സിനിമയും നിര്‍മ്മിച്ചു. എന്നാല്‍, രണ്ടും തിയേറ്ററുകളില്‍ എത്തിയില്ല.
കഴിഞ്ഞ ദിവസമാണ് പ്രവീണ്‍ റാണയെ പൊള്ളാച്ചി ദേവരായപുരത്ത് നിന്നും പോലീസ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനത്തിന്റെ വിവരങ്ങള്‍ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോള്‍ ബൂത്തുകളില്‍ രേഖപ്പെടുത്തിയിരുന്നു. ദേവരായപുരത്തെ ക്വാറിയില്‍ എത്തിയതിന് ശേഷം ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോണില്‍ നിന്നും പ്രവീണ്‍ ഭാര്യയെ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ ഉറവിടം പിന്തുടര്‍ന്നാണ് പോലീസ് പ്രവീണിനെ പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയാണ് പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും, വഞ്ചന കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. 13 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് 55 സെന്റ് സ്ഥലവും ഉള്ളതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ റാണയുടെ പക്കല്‍ നിന്നും ആറു ഹാര്‍ഡ് ഡിസ്‌കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഹാര്‍ഡ് ഡിസ്‌കുകള്‍ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളടക്കം ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉള്ളതായാണ് സൂചന. റാണ പടമിടപാട് നടത്തിയ രണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം, താന്‍ ആരേയും പറ്റിച്ചിട്ടില്ലെന്നും പണം തിരികെ നല്‍കുമെന്നും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിടെ പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.