KeralaNEWS

പ്രതിദിന 7000 രൂപ വരുമാനം, ജോലി സമയം പുലർച്ചെ 2 മണി മുതൽ രാവിലെ 7 വരെ; എറണാകുളത്ത് ലഹരി വിതരണം ചെയ്യുന്ന കൊല്ലം സ്വദേശിനി 21 കാരി കുടുങ്ങി

അർദ്ധരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ പാഞ്ഞു നടന്ന് മാരക ലഹരിവസ്തുക്കൾ വിൽപ്പന നടത്തിവന്ന 21 കാരി കൊച്ചിയിൽ അറസ്റ്റിലായി. മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിന് ഒടുവിലാണ് യുവതി എക്സൈസിന്റെ വലയിൽ വീണത്. കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്സി (21) ആണ് അറസ്റ്റിലായത്.

ഇവർക്ക് വൻതോതിൽ എം.ഡി.എം.എ അടക്കം എത്തിച്ചു നൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാൾ ഉൾപ്പെടെ 7 പേരാണ് ലഹരി കച്ചവടത്തിന്റെ സിരാകേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജതമാക്കി. ബ്ലെയ്സി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരി കച്ചവടത്തിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്നതായി എക്സൈസ് സംഘം അറിയിച്ചു. മത്സ്യത്തൊഴിലാളിയുടെ മകളായ ബ്ലെയ്സി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ആ ജോലി നഷ്ടമായപ്പോഴാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് സംഘം ബ്ലെയ്സിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആണിത്. ഇതു കൂടാതെ 2 ഫ്ലാറ്റും ഇയാൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ലഹരി ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് സംശയം.

Signature-ad

പുലർച്ചെ രണ്ടു മണിയോടുകൂടി തുടങ്ങുന്ന ലഹരി ബിസിനസ് ഏഴുമണിയോടെ തീരും. ഒരു ദിവസം ചുരുങ്ങിയത് 7 പോയിൻ്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7000 രൂപയാണ് ബ്ലെയ്സിക്കു ലഭിച്ചിരുന്ന വരുമാനം. ആർഭാട ജീവിതമാണ് യുവതി നയിച്ചിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. രാവിലത്തെ ‘ഡ്യൂട്ടി’ കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് പതിവ്.
കലൂരിൽ എം.ഡി.എം.എയുമായി പിടിയിലായി യുവാവിൽ നിന്നാണ് ബ്ലെയ്സിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തിൽ, ഇടപാട് എല്ലാം ഇൻസ്റ്റഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റു ചില വമ്പന്മാരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റാ വഴി മെസ്സേജ് ചെയ്ത് ലഹരി കച്ചവടം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ബ്ലെയ്സി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ടിലൂടെയാണ് ഇവർ നെറ്റ് ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ ബ്ലെയ്സിയുടെ ഫോൺ അടക്കം ഇനി കണ്ടെത്തേണ്ടത് ഉണ്ട് എന്ന് എക്സൈസ് അധികൃതർ പറയുന്നു.

Back to top button
error: