CrimeKeralaNEWS

കൊച്ചിയിൽ ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ച 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി 

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ നേഴ്സ് മരിച്ചതിനു പിന്നാലെ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി.

മലപ്പുറം സ്വദേശി ജുനൈസ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തിരിക്കുന്നത്. വീടിന്റെ സമീപത്ത് താമസിക്കുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന. പഴകിയ എണ്ണയും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് വിവരം. കൊച്ചി നഗരത്തിലെ പല കുഴിമന്തി, ഷവർമ കടകളിലേക്ക് ചിക്കൻ എത്തിയ്ക്കുന്നത് ഇവിടെ നിന്നാണ്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.

Back to top button
error: