Health

മദ്യപാനികൾ മറന്നു പോകരുത് ഇക്കാര്യങ്ങൾ,  ഒരു തുള്ളി മദ്യത്തിൽ നിന്നു പോലും ക്യാൻസർ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. ഹൃദയരോഗം സ്ട്രോക്ക്, പാന്‍ക്രിയാസ്, കരള്‍, കുടല്‍,  തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങി മദ്യ വിപത്തുകൾ വിശദമായി അറിയുക

 ഹൃദ് രോഗികൾ ദിവസവും രണ്ട് പെഗ് മദ്യം കഴിക്കുന്നത് ഉത്തമം എന്നാണ് ചില ഡോക്ടർമാരുടെ ശുപാർശ. പക്ഷേ ഇത് അബദ്ധമാണ്. മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്നതാണ് സത്യം. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും.

പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ, ഭാരം വര്‍ദ്ധിക്കാനും ഇതിലെ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്ലും വൈരുദ്ധ്യം വരാൻ സാധ്യതയുണ്ട്.

Signature-ad

അമിത മദ്യപാനം മുതിര്‍ന്നവരില്‍ ഉയര്‍ന്ന സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് മറ്റൊരു കണ്ടെത്തൽ.

20നും 30നും ഇടയില്‍ പ്രായമുള്ള, മിതമായ അളവില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്തവരേക്കാള്‍ ചെറുപ്പത്തില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 19 ശതമാനം അധിക സാധ്യതയാണ് ഇവര്‍ക്കുള്ളത്.

‘കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാര്‍ക്കിടയിലെ സ്‌ട്രോക്കിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരില്‍ സ്‌ട്രോക്ക് മരണത്തിനും ഗുരുതരമായ വൈകല്യത്തിനും കാരണമാകുന്നു.’ ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ യൂ-ക്യൂന്‍ ചോയി പറഞ്ഞു.

ആഴ്ചയില്‍ 105 ഗ്രാമോ അതില്‍ കൂടുതലോ കുടിക്കുന്നവരെ മിതമോ അമിതമോ ആയ മദ്യപാനികളായി കണക്കാക്കുന്നു. അതായത്, ഈ അളവ് പ്രതിദിനം 15 ഔണ്‍സിന് തുല്യമാണ്.

1.5 ദശലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ രണ്ടോ അതിലധികമോ വര്‍ഷം മിതമായ മദ്യപാനികളായിരുന്ന ആളുകള്‍ക്ക് മദ്യം കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മിതമായ അളവില്‍ മദ്യം കഴിച്ചാലും തലച്ചോറിനെ ബാധിക്കും.

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷേ മിതമായ അളവിലെ മദ്യപാനം തലച്ചോറിനെ ബാധിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവര്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 21,000ല്‍പ്പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണം പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്.

മദ്യ ഉപഭോഗവും തലച്ചോറിന്റെ പ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് പാര്‍ക്കിസന്‍സണ്‍, അല്‍ഷിമേഴ്‌സ് എന്നി രോഗങ്ങള്‍ക്ക് കാരണമാകാം. ഇതിന് പുറമേ ചിന്തയെയും ഇത് ബാധിക്കും. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവരുടെ തലച്ചോറില്‍ ഇരുമ്പിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മിതമായ അളവില്‍ മദ്യം ഉപയോഗിച്ചാലും തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവാണിതെന്നും ഗവേഷകര്‍ പറയുന്നു. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് ചിന്തയെയും ധാരണാശക്തിയെയും തിരിച്ചറിവിനെയും ഇത് പ്രതികൂലമായി ബാധിക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു തുള്ളി മദ്യം പോലും അപകടകരം, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

മദ്യത്തിന് അടിമയായവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒരു തുള്ളി മദ്യത്തിൽ നിന്ന് പോലും ക്യാൻസർ സാധ്യത ആരംഭിക്കുന്നതായാണ് മുന്നറിയിപ്പുള്ളത്. മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്നും ഭൂരിപക്ഷത്തിനും ഇതേക്കുറിച്ച്‌ അവബോധമില്ലെന്നും ഡബ്ലിയു.എച്ച്.ഒ  വ്യക്തമാക്കി.

മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യങ്ങൾ ചൂണ്ടി കാണിക്കുന്നത്. കുടലിലെ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നുവെന്നും ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

‘കൂടുതല്‍ മദ്യം കഴിക്കുന്നതിനനുസരിച്ച്‌ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും ഗണ്യമായി വര്‍ധിക്കുന്നു. മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും വ്യത്യസ്ത തരം ക്യാന്‍സറുകള്‍ കാരണമാണ്.’ ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി ഉയർന്ന തലങ്ങളിൽ പഠനം നടത്തിയിരുന്നു. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് അതിലും  വ്യക്തമായത്. ഭൂരിഭാഗം ജനങ്ങളും മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരോ അല്ലെങ്കില്‍ ഇതേക്കുറിച്ച്‌ അവബോധമില്ലാത്തവരോ ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Back to top button
error: