IndiaNEWS

മുസ്ലിങ്ങള്‍ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം; അവര്‍ക്ക് രാജ്യത്ത് ഭീഷണിയില്ല: മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് ഭീഷണിയില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. എന്നാല്‍, മുസ്ലിങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം. ഞങ്ങള്‍ ഒരു ഉന്നത വംശത്തില്‍ പെട്ടവരാണ്, ഞങ്ങള്‍ ഒരിക്കല്‍ ഈ ദേശം ഭരിച്ചു. വീണ്ടും ഭരിക്കും എന്ന ചിന്താഗതി പാടില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഇസ്ലാമിനോ, തങ്ങളുടെ പൂര്‍വ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ല. എന്നാല്‍, അവര്‍ ആധിപത്യത്തെക്കുറിച്ചുള്ള വാചാടോപങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

Signature-ad

ജനസംഖ്യാ നിയന്ത്രണം ബലപ്രയോഗത്തിലൂടെ സാധ്യമല്ല. ജനങ്ങള്‍ സ്വത്താണ്. എന്നാല്‍, അധികമായാല്‍ അതൊരു ഭാരം കൂടിയാണ്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ (എല്‍.ജി.ബി.ടി) തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ സാമൂഹിക സ്വീകാര്യത അര്‍ഹിക്കുന്നുവെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ഹിന്ദുക്കള്‍ ആധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം. ഭാരതത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. അവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാം. അത് പൂര്‍ണ്ണമായും അവരുടെ ഇഷ്ടമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ അത്തരം ശാഠ്യമില്ല. അതേസമയം, രാജ്യത്ത് ജീവിക്കുന്നവര്‍ മേല്‍ക്കോയ്മ മനോഭാവം ഉപേക്ഷിക്കണമെന്നും ഭാഗവത് പറഞ്ഞു.

ഞങ്ങള്‍ ഒരു ഉന്നത വംശത്തില്‍ പെട്ടവരാണ്, ഞങ്ങള്‍ ഒരിക്കല്‍ ഈ ദേശം ഭരിച്ചു. വീണ്ടും ഭരിക്കും, ഞങ്ങളുടെ വഴി മാത്രം ശരിയാണ്, ബാക്കി എല്ലാവരും തെറ്റാണ്. ഞങ്ങള്‍ വ്യത്യസ്തരാണ്, അതുകൊണ്ട് ഞങ്ങള്‍ അങ്ങനെ തന്നെ തുടരും; ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്നീ മനോഭാവങ്ങള്‍ ഉപേക്ഷിക്കണം. രാജ്യത്ത് താമസിക്കുന്ന എല്ലാവരും, ഹിന്ദുവായാലും കമ്മ്യൂണിസ്റ്റായാലും ഈ ചിന്താഗതി ഉപേക്ഷിക്കണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

Back to top button
error: