NEWS

‘നാട്ടു നാട്ടു’വിലൂടെ ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് കീരവാണി, പുരസ്‌കാര നിറവിൽ ആർ.ആർ.ആർ 

ന്യൂഡൽഹി: എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് എം എം കീരവാണിയും മകൻ കാലഭൈരവയും. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർ. ആർ. ആർ. എന്ന രാജമൌലി ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം പുരസ്‌കാരം നേടിയത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ ‘നാട്ടു നാട്ടു’ പാട്ട്.

Signature-ad

20 ട്യൂണുകളിൽ നിന്നും ആർആർആർ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെതാണ് വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ക്രിമിനൽ, ജിസം, സായ, സുർ, മഗധീര, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ ദേവരാഗം തീർക്കാൻ വിളിച്ചതും കീരവാണിയെ. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആർ റഹ്മാന് ശേഷം ഗോൾഡൺ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Back to top button
error: