
- പദയാത്രയ്ക്ക് വെള്ളിയാഴ്ച കുമളിയിൽ തുടക്കം
തൊടുപുഴ: ബഫർ സോൺ വിഷയത്തില്‍ ഇടുക്കിയിൽ പദയാത്രയുമായി യു.ഡി.എഫ്. ജില്ലാ കമ്മിറ്റി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നയിക്കുന്ന പദയാത്രയ്ക്ക് വെള്ളിയാഴ്ച കുമളിയില്‍ തുടക്കമാകും. കരുതല്‍ കെണിയില്‍ നിന്നും ഇടുക്കിയെ രക്ഷിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബും അറിയിച്ചു.

പദയാത്രയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുമളിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നിര്‍വഹിക്കും. പദയാത്രയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കും. അണക്കര, നെടുങ്കണ്ടം, ഉപ്പുതറ, ഇരട്ടയാര്‍, തോപ്രാംകുടി, തടിയംപാട്, സൂര്യനെല്ലി, രാജാക്കാട്, മാങ്കുളം, വെള്ളത്തൂവല്‍ എന്നീ സ്ഥലങ്ങളില്‍ ഓരോ ദിവസവും ഉദ്ഘാടനയോഗങ്ങളും കൂട്ടാര്‍, കട്ടപ്പന, തങ്കമണി, പാറത്തോട്, കഞ്ഞിക്കുഴി, രാജകുമാരി, ആനച്ചാല്‍, മൂന്നാര്‍ എന്നീ സ്ഥലങ്ങളില്‍ സമാപന യോഗങ്ങളും നടക്കും. 23-ന് അടിമാലിയില്‍ പദയാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
കെട്ടിട നിര്‍മാണ നിരോധനം പിന്‍വലിക്കുക, വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, നാണ്യവിളകള്‍ക്ക് ന്യായ വില ഉറപ്പാക്കുക എന്നീ വിഷയങ്ങളും ജാഥയില്‍ ഉന്നയിക്കും. പദയാത്രയുടെ വിജയത്തിനായി യു.ഡി.എഫ്. ഘടകകക്ഷികളുടെ പ്രധാന നേതാക്കള്‍ നേതൃത്വം നല്‍കുന്ന സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ യു.ഡി.എഫ്. നേതാക്കളായ ടി.എസ്. ഷംസുദീന്‍, മാര്‍ട്ടിന്‍ മാണി എന്നിവരും പങ്കെടുത്തു.






