തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ ഭരണം ലഭിച്ചേനെ എന്ന നിലയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞദിവസം എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന വാദത്തില്‍ അര്‍ത്ഥമില്ലെന്നും ചെന്നിത്തല പറഞ്ഞു.
നായര്‍ ബ്രാന്‍ഡ് ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. കഴിഞ്ഞ 45 വര്‍ഷമായി വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതില്‍നിന്നും പിന്നോട്ടു പോകില്ല. സമുദായ നേതാക്കള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. ഏറ്റവും വലുത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് സ്ഥാനങ്ങള്‍ നല്കിയതും വളര്‍ത്തിയതും. പാര്‍ട്ടിയോടാണ് ഉത്തരവാദിത്തം ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.