ചേര്‍ത്തല: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്റ്റിയാനോസിന്റെ 377-ാമത് മകരം തിരുനാളിന് ഇന്ന് കൊടിയേറും. പാലായില്‍ നിന്ന് തിരുനാള്‍ പതാക വഹിച്ചുള്ള പ്രയാണം ഉച്ചകഴിഞ്ഞ് മൂന്നിന് ബസിലിക്കയില്‍ എത്തിച്ചേരും. വൈകിട്ട് 5.30 ന് പതാക പ്രയാണം ബീച്ച് കുരിശടിയില്‍ നിന്ന് ആരംഭിക്കും. വാദ്യമേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ വിശ്വാസികളും വൈദികരും ചേര്‍ന്ന് പതാക ദേവലായത്തിലേക്ക് ആനയിക്കും. വൈകിട്ട് 6.30 ന് ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും.
ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ മുഖ്യ കാര്‍മികനാകും. തിരുനാള്‍ നാളുകളിലെ തിരുകര്‍മങ്ങളില്‍ വിവിധ രൂപതകളില്‍ നിന്നായി അഞ്ച് മെത്രാന്‍മാരും 100 ലധികം വൈദികരും കാര്‍മികരാകും. 18 ന് പുലര്‍ച്ചെ അഞ്ചിന് തിരുസ്വരൂപ നട തുറക്കല്‍, 5.30 ന് ദിവ്യബലി ഫാ. പോള്‍ ജെ. അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.
19 ന് രാവിലെ 5.30 മുതല്‍ രാത്രി പത്ത് വരെ വിവിധ സമയങ്ങളില്‍ ദിവ്യബലി. 20 ന് തിരുനാള്‍ ദിനം, രാവിലെ 11 ന് ആഘോഷമായ ദിവ്യബലി, തലശേരി അതിരൂപത മെത്രാന്‍ ഡോ. ജോസഫ് പാംപ്ലാനി കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊന്തിഫിക്കല്‍ ദിവ്യബലി ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ കാര്‍മികനാകും. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ സെബസ്റ്റിയാനോസിന്റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം കടപ്പുറത്തെ കുരിശടി ചുറ്റി പള്ളിയില്‍ സമാപിക്കും. 21 ന് രാവിലെ 11 ന് ആഘോഷമായ ദിവ്യബലി മൂവാറ്റുപുഴ രൂപത മെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് കാര്‍മികനാകും. എട്ടാമിടമായ 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമൂഹബലി, 4.30 ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 10.30 ന് റെക്ടര്‍ സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ കൃതഞ്ജത ദിവ്യബലി അര്‍പ്പിക്കും. 12 ന് തിരുസ്വരൂപ നടയടക്കല്‍.