ചെറുതോണി: ബഫര്‍സോണ്‍ വിഷയത്തിൽ സി.പി.എം വീണ്ടും നിയമനടപടിക്ക്. ബഫര്‍സോണില്‍ ഇളവു ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരുന്നതിനാണ് തീരുമാനം. സുപ്രീംകോടതി വിധിയിലൂടെ വന്നുചേര്‍ന്ന നിയമപ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ വഴികള്‍ കൂടി തേടുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന പഴുതടച്ച തുടര്‍പ്രവര്‍ത്തങ്ങള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോര്‍ട്ടും ഭൂപടവും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്തിമമായി ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ കമ്മീഷന്‍ പരിശോധിക്കും. മുഖ്യമന്ത്രികൂടി പരിശോധിച്ച ശേഷമേ റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീംകോടതിയിലും നല്‍കുകയുള്ളുവെന്ന് നേതാക്കൾ പറഞ്ഞു. സുപ്രീംകോടതിയുടെ കേസില്‍ കക്ഷിചേരുന്നതിന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്തത തേടി മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയും കക്ഷിചേരുന്നത്. സുപ്രീംകോടതിയില്‍ അനുകൂല വിധി ലഭിക്കും വരെ ഭരണപരവും നിയമപരവുമായ ഇടപെടലുകള്‍ തുടരും. സുപ്രീംകോടതിയില്‍ പ്രഗദ്ഭരായ അഭിഭാഷകരെ കണ്ടെത്തി കേസ് നല്‍കുന്നതിനും നിയമനടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും മുന്‍ എം.പി അഡ്വ. ജോയ്‌സ് ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.