തിയേറ്ററുകളിൽ കണ്ണീർ പുഴയൊഴുക്കിയ ‘അമ്മ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 വർഷം
സിനിമ ഓർമ്മ
അമ്മ– സ്നേഹത്തിന്റെ സജീവ സ്വരൂപം എന്ന പരസ്യത്തോടെ ‘അമ്മ’ എന്ന സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 കൊല്ലം. ‘ജീവിതനൗക’ സംവിധാനം ചെയ്‌ത കെ വേമ്പുവിന്റെ രണ്ടാമത് ചിത്രമായിരുന്നു അമ്മ. ആറന്മുള പൊന്നമ്മയാണ് അമ്മയുടെ വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളെ കണ്ണീരണിയിച്ചത്.
കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ മകൻ പണക്കാരിയെ ഭാര്യയാക്കി. പരിഷ്ക്കാരി ഭാര്യ പഴഞ്ചൻ അമ്മായിയമ്മയെ വക വയ്ക്കുമോ? അവൾ ഭർത്താവൊരുമിച്ച് അയാളുടെ ജോലിസ്ഥലമായ പട്ടണത്തിൽ താമസമാക്കി. പുത്രഭാര്യയുടെ ആഡംബരത്തിനായി കാശ് അയച്ചു കൊടുത്ത് അമ്മ പെരുവഴിയിലായി. വീട് ജപ്‌തിയിൽ. പട്ടണത്തിൽ മകന്റെ കൂടെ താമസിക്കാൻ ചെന്ന അമ്മയെ ശത്രുവായാണ് മരുമകൾ കാണുന്നത്. ഭാര്യയുടെ ധൂർത്തിനായി ബാങ്കിനെ കബളിപ്പിച്ച് കാശ് അടിച്ചെടുത്ത മകൻ പിടിക്കപ്പെട്ടതോടെ അമ്മ മകന്റെ മോഷണക്കുറ്റം ഏൽക്കുന്നു. ജയിലിൽ അമ്മ വീണ് മരിക്കുന്നതോടെ മരുമകളുടെ മനസ് മാറുന്നു.
തിക്കുറിശ്ശി, ബി.എസ് സരോജ, എം.എൻ നമ്പ്യാർ, ടി.എസ് മുത്തയ്യ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. നാഗവള്ളി ആർ എസ് കുറുപ്പിന്റെ തിരക്കഥ. 40 ലധികം ചിത്രങ്ങൾ നിർമ്മിച്ച ആദ്യകാല നിർമ്മാതാവ് റ്റി.ഇ വാസുദേവൻ നിർമ്മിച്ച ആദ്യ ചിത്രമാണ് അമ്മ.
പി ഭാസ്‌ക്കരൻ-വി ദക്ഷിണാമൂർത്തി ടീമിന്റെ 14 ഗാനങ്ങളുണ്ടായിരുന്നു. ‘അമ്മ താൻ പാരിൽ ആലംബമേ, എന്നെന്നും എല്ലാർക്കുമേ’ എന്നാണ് പി ഭാസ്‌ക്കരൻ ഈ ചിത്രത്തിലെ അമ്മയെ വിശേഷിപ്പിച്ചത്. പി ലീല, ജാനമ്മ ഡേവിഡ്, കവിയൂർ രേവമ്മ, ഘണ്ഠശാല കുട്ടപ്പൻ ഭാഗവതർ തുടങ്ങിയവർ പാടി.
‘ജീവിതനൗക’യുടെ അത്രയും ഹിറ്റായില്ലെങ്കിലും സ്ത്രീപ്രേക്ഷകർ ചിത്രം ഏറ്റെടുത്തു. കണ്ണീർക്കഥ, തിന്മയിൽ നിന്നും നന്മയിലേക്കുള്ള മാനസാന്തരം എന്ന ഫോർമുല 71 വർഷം മുൻപ് മലയാള സിനിമ പരീക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണ് അമ്മ എന്ന ചിത്രം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ