ദിവസവും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ,7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യം
ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് നല്ല ഉറക്കവും. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും.
രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കും. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ.
1. ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നല്ലത്.
2. ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപേ സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക.
3. ഉറങ്ങും മുൻപ് കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം അമിതമായാൽ വയറിന് അസ്വസ്ഥത ഉണ്ടാകുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം. ഇങ്ങനെയായാൽ ഭക്ഷണം ദഹിക്കാനുള്ള സമയം കിട്ടും.
4. ശരിയായ ഉറക്കത്തിന് പകൽ സമയം വെയിൽ കൊള്ളുന്നത് ഏറെ നല്ലതാണ്. ഇതുവഴി വൈറ്റമിൻ ഡി ശരീരത്തിനു ലഭിക്കും. ഡിയുടെ അഭാവം ഉറക്ക പ്രശ്നങ്ങൾക്കു കാരണമാകും.
5. ഉറക്ക സമയം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും പതിവായുള്ള വ്യായാമം സഹായിക്കും. സമ്മർദവും ഉത്കണ്ഠയും അകറ്റാനും വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും. ഇത് നല്ല ഉറക്കം ലഭിക്കാനും കാരണമാകും.
നല്ല ഉറക്കം ലഭിക്കാന്‍ പാലിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
പകല്‍ സമയം ദീര്‍ഘനേരം ഉറങ്ങുന്നത് ഒഴിവാക്കുക
ദിവസവും രാത്രി ഉറങ്ങുന്നതിനായി ഒരു നിശ്ചിത സമയം തെരഞ്ഞെടുക്കുക
ഉറങ്ങുന്നതിന് മുന്നേ കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്
എല്ലാ ദിവസവും കുറഞ്ഞത് 15 മുതൽ 30 മിനിറ്റ് വരെ വ്യായാമം ചെയ്യണം
ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുന്നേ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക
മുകളിൽ പറഞ്ഞതു പോലെ, ഉറങ്ങാന്‍ പോകുന്ന സമയത്ത് മൊബൈലും ലാപ്ടോപ്പും ഒഴിവാക്കുക. സ്ക്രീന്‍ ടൈം പരമാവധി കുറയ്ക്കുക