- നയപ്രഖ്യാപനത്തിൽ എഴുതിച്ചേർക്കാത്ത ഗവർണറുടെ വാക്കുകൾ സഭാരേഖയിൽ നിന്നു നീക്കാൻ പ്രമേയം പാസാക്കി
ചെന്നൈ: ഗവർണർ-സർക്കാർ പോര് തമിഴ്‌നാട്ടിലും രൂക്ഷമായി. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ഒളിച്ചുകളി. ഇതിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതിഷേധിച്ച് ഒടുവിൽ ഗവർണറുടെ ഇറങ്ങിപ്പോക്ക്, നിയമസഭയിൽ നാടകീയ സംഭവങ്ങൾ ! മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗത്തിനിടെയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിച്ചില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിക്കാത്തതിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടാതെ, ഗവര്‍ണര്‍ പറഞ്ഞകാര്യങ്ങളെല്ലാം നിയമസഭ രേഖകളില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നത്. പ്രമേയം നിയമസഭ പാസ്സാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ഡിഎംകെ സഖ്യകക്ഷികളായ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവയും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ ഗവര്‍ണറെ ന്യായീകരിച്ചു.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്ഭവന്റെ അനുമതി ലഭിച്ചിരുന്നില്ലെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി ഏറ്റുമുട്ടലിലാണ്.