മലയാളികളുടെ ഇഷ്ടഫലമായി അവക്കാഡോ; ബട്ടര്‍ഫ്രൂട്ട് നടാം, കർഷകർക്ക് മികച്ച വരുമാനവും നേടാം
ബട്ടര്‍ഫ്രൂട്ട്, പേരു പോലെ ശരിക്കും വെണ്ണപ്പഴം തന്നെയാണ്. വെണ്ണപോലിരിക്കുന്ന അകക്കാമ്പിലെ രുചിയിൽ മലയാളികൾ അകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. ബട്ടർഫ്രൂട്ട് എന്ന് അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ് 1892 ല്‍ ഭാരതത്തിലെത്തിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും വന്‍പ്രചാരമുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം
കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല്‍ സസ്യാഹാരഭോജികള്‍ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 75 ശതമാനവും അതിലെ അപൂരിത കൊഴുപ്പില്‍ നിന്നു ലഭിക്കുന്നുവെന്നത് ഈ പഴത്തിന്റെ ഏറ്റവും പ്രധാനമായ പ്രത്യേകതയാണ്. അമേരിക്കന്‍യൂറോപ്യന്‍ ഭക്ഷണരീതിയില്‍ അവൊക്കാഡോ ധാരാളമായി ഉപയോഗപ്പെടുത്തുന്നത് ഈ പ്രത്യേകത കണക്കിലെടുത്താണ്.
വെള്ളക്കെട്ടില്ലാത്ത മണ്ണ് അനുയോജ്യം
വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും അവൊക്കാഡോ നന്നായി വളര്‍ന്ന് ഫലങ്ങള്‍ നല്‍കും. കൊമ്പുകോതല്‍ നടത്തി, മരങ്ങളെ രൂപപ്പെടുത്തി, പൊക്കം കുറച്ചു വളര്‍ത്തിയാല്‍ ഇടവിളയായി കൂടി അവൊക്കാഡോ കൃഷിചെയ്യാവുന്നതാണ്. വളര്‍ന്നു വരുന്ന തൈകള്‍ക്ക്, വരണ്ട മാസങ്ങള്‍ നനച്ച്, തുടര്‍ന്ന് കാലവര്‍ഷാരംഭത്തോടെ, വേണ്ടരീതിയില്‍ വളപ്രയോഗം നടത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ 3 വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് കായ്കള്‍ നല്‍കുന്നതായി കണ്ടുവരുന്നു. കായ്കളുടെ വിളവും കാലാവസ്ഥയുമായി അഭേദ്യബന്ധമുള്ളതിനാല്‍ നല്ല ചൂടുള്ള പ്രദേശങ്ങളില്‍ ആറ് മാസം കൊണ്ട് കായ്കള്‍ പാകമാകുമ്പോള്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ ഒരു വര്‍ഷം വരെ വേണ്ടിവരും.