കോട്ടയം: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു പേര്‍ അവശ നിലയിലായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ളവര്‍ക്ക് മദ്യം നല്‍കിയ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യം നല്‍കിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല.
അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് അറിയിച്ചു.