കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു പ്രതികരണം നടത്തിയ വ്യക്തിയായിരുന്നു അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍.
ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജായ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു അരുണ്‍ കുമാര്‍ പറഞ്ഞിരുന്നത്.
എന്നാലിപ്പോള്‍ കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയോട പ്രതികരിക്കുകയാണ് അരുണ്‍ കുമാര്‍. പഴയിടം ഇനിയും കലോത്സവ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ അരുണ്‍ കുമാര്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്പണമെന്ന തന്റെ നിലപാട് ആവര്‍ത്തിച്ചു.
പഴയിടം പോയി വരുന്ന മറ്റൊരാള്‍ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കില്‍ തന്റെ ചോദ്യം ആവര്‍ത്തിക്കുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.
‘പ്രിയപ്പെട്ട പഴയിടം, അങ്ങ് ഇനിയും കലോത്സവ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണം എന്ന് തന്നെയാണ് ആഗ്രഹം. അങ്ങയുടെ അധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു.
വെജിറ്റേറിയന്‍ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോണ്‍ വെജ് മെനു ആണെങ്കില്‍ അങ്ങ് കായികോത്സവത്തിന് ചെയ്തത് പോലെ താങ്കളും ടെന്‍ഡര്‍ കൊടുക്കണം. അതൊരു ‘ബ്രാന്‍ഡിങ്ങ്’ ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.
ആശയങ്ങളെ ആളുകളില്‍ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ എന്ന നരേഷന്‍ ഫാസിസ്റ്റ് യുക്തിയാണ്. കല സമം വെജിറ്റേറിയന്‍ എന്ന ശുദ്ധി സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നത് അതിന് പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ (പിയര്‍ ബോര്‍ദ്രുന്റെ ഭാഷയില്‍ റീഃമ, ഗ്രാംഷിയുടെ ഭാഷയില്‍ സാമാന്യബോധം) വിമര്‍ശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്.
16 വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാള്‍ വന്നാല്‍, അയാള്‍ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.
നല്ല നിലയില്‍ സതി അനുഷ്ഠിച്ചതില്‍ നിന്ന്, തൊട്ടുകൂടായ്മയില്‍ നിന്ന്, ജാതി അടിമത്തത്തില്‍ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യര്‍ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.
വിജയന്‍ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.
NB : മൂന്ന് വര്‍ഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികള്‍അവര്‍ക്കാഗ്രഹമുള്ളിടത്തോളം നോണ്‍ വെജ് ആയി തുടരും, ഞാനും,’ അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, തന്നെ ഭയം പിടികൂടിയതായും അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകുമെന്നും പഴയിടം പറഞ്ഞു. കൗമാര കലോത്സവത്തിലെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ കലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്നും പഴയിടം വ്യക്തമാക്കി.