KeralaNEWS

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണിക്കു നടപടി തുടങ്ങി; കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി, പ്രൊഫ. സുരേഷ് ദാസ് ചെയര്‍പേഴ്സണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തിലാണ് മോഡല്‍ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലതലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടത്തി നടപ്പിലാക്കും. തുടര്‍ന്ന് സിലബസ് പരിഷ്‌കരണവും നടക്കും. ആവശ്യമെങ്കില്‍ ഭേദഗതികളോടെ അഫിലിയേറ്റഡ് സര്‍വകലാശാലകളില്‍ കരിക്കുലം പുനസംഘടന നടപ്പിലാക്കും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മറ്റി.

കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗംഗന്‍ പ്രതാപ്, എ.പി.ജെ. അബ്ദുള്‍ കലാം ടെക്നിക്കല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. രാജശ്രീ എം.എസ്, ജെ.എന്‍.യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ എ.കെ.രാമകൃഷ്ണന്‍, സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗ് പ്രൊഫസര്‍ സുര്‍ജിത് മജുംദാര്‍, എം.ജി.യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് മുന്‍ പ്രൊഫസര്‍ സനല്‍ മോഹന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹിസ്റ്ററി മുന്‍ പ്രൊഫസര്‍ കെ.എന്‍.ഗണേഷ്, കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസര്‍ മീന ടി പിള്ള, ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

Back to top button
error: