ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുവെന്നും കൊളീജിയം ശിപാര്‍ശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും സുപ്രീം കോടതി ജസ്റ്റിസ് എസ്.കെ.കൗള്‍. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തില്‍ കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗളും എ.എസ്. ഒകയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കാലതാമസം വരുമ്പോള്‍ ജഡ്ജി നിയമനത്തിനായി അവര്‍ നല്കിയ സമ്മതം പിന്‍വലിക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്കിയ 22 ശിപാര്‍ശകള്‍ കേന്ദ്ര നിയമ മന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ 9 എണ്ണം കൊളീജിയം രണ്ടാമതും നല്കിയ ശിപാര്‍ശകളാണ്.
സര്‍ക്കാര്‍ തുടര്‍ച്ചയായി ശിപാര്‍ശകള്‍ മടക്കുന്നത് ഗൗരവമുള്ള പ്രശ്നമാണെന്നും എസ്.കെ.കൗള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശിപാര്‍ശകളില്‍ തുടര്‍നടപടി എന്തുവേണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.