ഒരു നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ???, എന്നാൽ ലൈം ജ്യൂസ് കുടിച്ചോളൂ നാരങ്ങായുടെ തൊലി കളയേണ്ട; ചെടികൾക്ക് വളർച്ചാ ഉത്തേജകം തയ്യാറാക്കാം
തണുപ്പ് കാലം മാറി ഇനി വരാനിരിക്കുന്നത് വേനൽക്കാലമാണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൃഷികളെല്ലാം കരിഞ്ഞുണങ്ങുന്ന വേനൽ. എന്നാൽ വേനലിൽ ചൂട് മാറാൻ കുടിക്കുന്ന നാരങ്ങാവെള്ളം പോലും കൃഷികളെ സഹായിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. നാരങ്ങായുടെ തൊലി ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും നല്ല പോലെ ഫലം ചെയ്യുന്ന വളര്‍ച്ചാ ഉത്തേജകം തയാറാക്കാന്‍ സാധിക്കും. ഒരു രൂപ പോലും ചെലവില്ലാത്തെ എളുപ്പത്തില്‍ ലായനി വീട്ടില്‍ തന്നെ തയാറാക്കാം.
ജ്യൂസുണ്ടാക്കാന്‍ നീരു പിഴിഞ്ഞെടുത്ത നാരങ്ങ തോടുകള്‍ എട്ട് പത്തെണ്ണമെടുക്കുക. അവ അടപ്പുള്ളൊരു പ്ലാസ്റ്റിക്ക് ജാറിലേക്കിടുക. തുടര്‍ന്ന് ഇവ മുങ്ങാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. ശേഷം പാത്രം അടച്ചു മൂന്നോ നാലോ ദിവസം മാറ്റിവയ്ക്കുക. നാലു ദിവസം കഴിഞ്ഞു ലായനി അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരിട്ടി വെള്ളം ചേര്‍ത്തു ശേഷം ചെടികള്‍ക്ക് പ്രയോഗിക്കാം.
പച്ചമുളക്, വെണ്ട, വഴുതന, അലങ്കാരച്ചെടികള്‍ എന്നിവയ്ക്ക് ഈ ലായനി ഏറെ ഫലം ചെയ്യും. പച്ചമുളകിന്റെ കുരുടിപ്പ് മാറാന്‍ ഈ ലായനി ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. അലങ്കാര ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവ നല്ല പച്ചപ്പോടെ ഇലകളുണ്ടായി വളരാന്‍ നാരങ്ങയിലെ മൂലകങ്ങള്‍ സഹായിക്കും. വീട്ടില്‍ തന്നെ നിഷ്പ്രയാസം നമുക്ക് തയാറാക്കാവുന്നതാണ് ഈ ലായനി.