തൃശൂര്‍: തേനീച്ചക്കൂട്ടില്‍നിന്ന് തേന്‍ കിട്ടുമെന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍. കൂട്ടത്തോടെ ഇളകിയ കടന്നലുകള്‍ വിദ്യാര്‍ഥിനികളെ തലങ്ങുംവിലങ്ങും ഒടിച്ചിട്ടു കുത്തി. പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം.
ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ക്കുത്തേറ്റത്. പരുക്കേറ്റവരെ അധ്യാപകര്‍ ചേര്‍ന്നാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും പരുക്ക് സാരമല്ല. സ്‌കൂളിന് പുറകില്‍ ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകള്‍ കൂടുകൂട്ടിയിരുന്നത്. ഇത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
എന്നാല്‍, ഈ കൂട് അടുത്തിടെ പ്രത്യക്ഷപ്പെട്ടതാകാമെന്നാണ് അധ്യാപകരുടെ വിശദീകരണം.
വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രധാന കടന്നല്‍ക്കൂട് കണ്ടെത്തി. സ്‌കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് കണ്ടെത്തിയത്. ഇവിടെ നിന്ന് കടന്നലുകള്‍ ഇടക്കിടെ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കൂട് കൂട്ടിയതാകാമെന്നാണ് നിഗമനം.
സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ അടിയന്തിര യോഗം ചേര്‍ന്നു. യോഗത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പോലീസ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. വനംവകുപ്പിന്റെ സഹായത്തോടെ കടന്നല്‍ക്കൂട് വ്യാഴാഴ്ച തന്നെ നശിപ്പിച്ചു.
വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിന് അവധി നല്‍കും. പൂര്‍ണമായും കടന്നല്‍ഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച സംഭവത്തിനുശേഷം സ്‌കൂളിന് അവധി നല്‍കിയിരുന്നു.