ന്യൂഡല്‍ഹി: എയിര്‍ ഇന്ത്യാ വിമാനത്തില്‍ വീണ്ടും മൂത്ര വിവാദം! മദ്യലഹരിയില്‍ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തിലും സമാനമായ പരാതി ഉയര്‍ന്നിരിക്കുന്നത്. സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്നാണു പരാതി. ഡിസംബര്‍ ആറിന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. യാത്രക്കാരനെ സി.ഐ.എസ്.എഫ് തടഞ്ഞുവെങ്കിലും പരാതി ഇല്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയിരുന്നു.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിസിനസ് ക്ലാസില്‍ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. മുംബൈ വ്യവസായിയായ ശേഖര്‍ മിശ്രയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോവുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനു പരാതി നല്‍കിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചത്. യാത്രക്കാരന് 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.