IndiaNEWS

ജമ്മു കശ്മീരിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ അടുത്തിടെ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സിആർപിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) രണ്ടാഴ്ചയ്ക്കിടെ രണ്ട് ഭീകരാക്രമണങ്ങളെത്തുടർന്ന് വ്യാപകമായ പരിഭ്രാന്തി നിലനിൽക്കുന്ന രജൗരിയിൽ വിന്യസിക്കുകയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധമാണ് ജില്ലയിൽ നടന്നത്.

രജൗരിയിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങൾ പ്രദേശത്ത് വൻ തിരച്ചിൽ നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പർ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളാണ്. സായുധരായ രണ്ട് ഭീകരർ മൂന്ന് വീടുകളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു.

Signature-ad

തിങ്കളാഴ്ച തീവ്രവാദികളെ കണ്ടെത്താനുള്ള കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെ അതേ ഗ്രാമത്തിൽ നടന്ന ഐഇഡി സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായ ഒരാളുടെ വീടിന് സമീപമാണ് ഈ സ്‌ഫോടനം ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ മൂന്ന് അതിക്രമങ്ങളാണ് സാധാരണ പൗരന്മാർക്ക് നേരെയുണ്ടായത്. ഡിസംബർ 16ന് സൈനിക ക്യാമ്പിന് പുറത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ ഉടൻ കണ്ടെത്തുന്നതിനായി ജമ്മു കശ്മീർ ഭരണകൂടത്തിന് കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു. ജമ്മു കശ്മീരിൽ നിലവിൽ സിആർപിഎഫിന്റെ വൻ സാന്നിധ്യമുണ്ട്. സിആർപിഎഫിന്റെ മൊത്തം ശക്തിയുടെ മൂന്നിലൊന്ന് വരുന്ന 70-ലധികം ബറ്റാലിയനുകളെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

Back to top button
error: