”ഷവര്‍മയും മയോണൈസും ആക്രാന്തത്തോടെ കഴിച്ചു; ആശുപത്രിയില്‍ ചെലവായത് എഴുപതിനായിരം രൂപ”
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു നഴ്‌സായ യുവതിയുടെ മരണം. സംഭവത്തിന് പിന്നാലെ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 43 ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഇപ്പോഴിതാ പതിനഞ്ച് വര്‍ഷം മുമ്പ് ഷവര്‍മ കഴിച്ചതിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
ആലുവയിലെ ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസുമാണ് കഴിച്ചത്. പിറ്റേന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടെന്നും എഴുപതിനായിരം രൂപ ആശുപത്രിയില്‍ ചെലവായെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു ഷോപ്പില്‍ നിന്ന് ഷവര്‍മ കഴിച്ചു. അത് ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നു. ഞാന്‍ ഷവര്‍മയും മയോണൈസും ആക്രാന്തത്തോടെ കഴിച്ചു. പിറ്റേദിവസം കടുത്തവയറുവേദനമൂലം ആശുപത്രിയില്‍ ചികിത്സ തേടി. അന്ന് ചികിത്സയ്ക്കായി എഴുപതിനായിരം രൂപയാണ് മാതാപിതാക്കള്‍ ചെലവാക്കിയത്. ഐ.സി.യുവിലായിരുന്നു. കാരണമൊന്നുമില്ലാതെ ഷറഫുദ്ദീനോട് ദേഷ്യം തോന്നി. പഴകിയ ഭക്ഷണമായിരുന്നു എന്റെ ആ അവസ്ഥയ്ക്ക് കാരണമായത്. യഥാര്‍ത്ഥത്തില്‍ ആരാണ് കുറ്റവാളി? കണ്ണുതുറന്നുനോക്കൂ, ജീവിതം വളരെ അമൂല്യമാണ്.