ചണ്ഡീഗഡ്: ഹരിയാന മുന്‍ കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരായ പീഡന കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ശ്രമിക്കുന്നുവെന്ന് പീഡന ആരോപണം ഉന്നയിച്ച ജൂനിയര്‍ അത്ലറ്റിക് വനിതാ കോച്ച്. ചണ്ഡീഗഡ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അവര്‍.
”പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എന്നാല്‍, അന്വേഷണത്തെ സ്വാധീനിക്കാന്‍ ഹരിയാന മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ചണ്ഡീഗഡിലാണ് സംഭവം നടന്നത്. എന്നാല്‍, ഹരിയാന പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തോട് എല്ലാം വിശദമായി പറഞ്ഞു. മുഖ്യമന്ത്രി, സന്ദീപ് സിങ്ങിന്റെ പക്ഷം പിടിക്കുന്നു” അവര്‍ പറഞ്ഞു.
ചണ്ഡീഗഡ് പൊലീസ് സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോച്ചിന്റെ അഭിഭാഷകന്‍ ആരോപിച്ചു.
പരാതിക്കാരിയുടെ ആരോപണത്തില്‍ ചണ്ഡീഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെ സന്ദീപ് സിങ് കായികവകുപ്പില്‍നിന്ന് രാജിവച്ചിരുന്നു. എന്നാല്‍, ആരോപണം സന്ദീപ് സിങ് നിഷേധിച്ചിരുന്നു. മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.