IndiaNEWS

സിനിമാ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്ത്; പുറത്തുനിന്നുള്ള ഭക്ഷണം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമാ തിയറ്റര്‍, ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള ജമ്മു-കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. തീയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. അവിടെ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉടമയ്ക്കു നിശ്ചയിക്കാം. സിനിമ കാണാന്‍ എത്തുന്നവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.

Signature-ad

തീയറ്ററുകളില്‍ കുടിവെള്ളം നല്‍കുന്നുണ്ടെന്ന്, കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഹര്‍ജിക്കാര്‍ അറിയിച്ചു. കൈക്കുഞ്ഞുങ്ങള്‍ക്കുള്ള ഫീഡിങ് ബോട്ടിലുകളും അനുവദിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഏതു സംവിധാനത്തിലും സുരക്ഷ മുന്നില്‍ കണ്ടു നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ നിയന്ത്രണമുണ്ടെന്ന് അവര്‍ പറഞ്ഞു. തീയറ്ററുകളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി, ഹൈക്കോടതി നടപടി അസ്ഥിരപ്പെടുത്തി.

Back to top button
error: