Lead News

സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും, മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് ഗവർണർ, സജി ചെറിയാൻ നാളെ വൈകിട്ട് നാലിനു സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു

നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിന് സജി ചെറിയാനെതിരെ കോടതിയിൽ കേസുള്ളതിനാൽ നിയമോപദേശം തേടിയശേഷമാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടർന്ന് ജൂലൈ ആറിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്. 2022 ജൂലൈ 3 നു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാന്റെ പ്രസംഗമായിരുന്നു വിവാദത്തിന്റെ തുടക്കം.

സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോ‍ർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹർജിയിൽ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പളളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൊലീസ് ആത്മാർഥതയില്ലാത്ത അന്വേഷണം നടത്തിയ സാഹചര്യത്തിൽ കേസ് സിബിഐയെയോ കർണാടക പൊലീസിനെയോ ഏൽപ്പിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയിലെ ആവശ്യം. സജി ചെറിയാൻ ഭരണാഘടനയെ അവഹേളിച്ച് സംസാരിച്ചതിന് തെളിവില്ലെന്ന കണ്ടെത്തലോടെയാണ് തിരുവല്ല പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

Back to top button
error: