KeralaNEWS

”വേദിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ല; എഴുന്നേല്‍ക്കേണ്ടെന്നു വെള്ളാപ്പള്ളി തന്നെ പറഞ്ഞു”

കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. എസ്.എന്‍ കോളജിലെ പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ അറിയിച്ചു.

പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്.

Signature-ad

ഗുരുര്‍ബ്രഹ്‌മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തുവന്നു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരനും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: